Script By
Vipin
Krishnan N
Scene 1
INT. Police
Station –NIGHT
Fade in from Black
ഒരു ലാന്‍ഡ് ഫോണിന്റെ റിസീവര്‍ മാറ്റി വച്ചിരിക്കുന്നു. റിസീവറിനുള്ളില്
നിന്നും ഒരു അവ്യക്തമായ ശബ്ദം പുറത്തേക്കു വരുന്നുണ്ട്. ഒരു കൈ പെട്ടെന്ന് ആ റിസീവര്‍ എടുക്കുന്നു.
ഒരു ഇന്‍സ്പെക്ടര്‍ ആണ് ആ റിസീവര്‍ എടുത്തത്.
ഇന്‍സ്പെക്ടര്‍: ഹലോ
ഇന്‍സ്പെക്ടര്‍: ഹലോ.. കേള്‍ക്കുന്നുണ്ടോ?
വൃദ്ധന്: മോനേ... (തളര്‍ന്ന സ്വരം)
ഇന്‍സ്പെക്ടര്‍: ആ.. പറയു അങ്കിള്‍. എന്താ പ്രത്യേകിച്ച്?
വൃദ്ധന്: ഒന്നിങ്ങോട്ടു വേഗം വരുവോ? (ശബ്ദത്തിലെ തളര്‍ച്ച
കൂടുന്നു)
ഇന്‍സ്പെക്ടര്‍: എന്തു പറ്റി അങ്കിളേ?
വൃദ്ധന്: അമ്മുക്കുട്ടി.. (കരയുന്നു)
ഇന്‍സ്പെക്ടര്‍: അമ്മുക്കുട്ടി?
വൃദ്ധന്: താന്‍ ഒന്നിങ്ങോട്ടു വേഗം വരൂ.. (കരച്ചില്
അടക്കാന്‍ ശ്രമിക്കുന്നു)
ഇന്‍സ്പെക്ടര്‍: സുരേഷ് അവിടെ ഇല്ലേ?
വൃദ്ധന്: ഇല്ല. (പൊട്ടി കരയുന്നു)
ഇന്‍സ്പെക്ടര്‍: എന്താ അങ്കിളേ.. എന്താ പറ്റിയത്?
വൃദ്ധന്: താന്‍ വേഗം വരൂ... സംസാരിച്ചു നില്ക്കാന്
സമയല്ല്യ.. (കരയുന്നു)
ഇന്‍സ്പെക്ടര്‍: ശരി.. ഞാനിതാ വരുന്നു. അങ്കിള്‍ അതുവരെയെങ്കിലും
സമാധാനമായിട്ട് ഇരിക്കു.
വൃദ്ധന്റെ കരച്ചില് റിസീവരിലൂടെ കേള്‍ക്കാം.
ഇന്‍സ്പെക്ടര്‍ ഫോണ്‍ വക്കുന്നു
FADE OUT TO
BLACK.
-CUT-
TITLE &
CREDITS
ഒരു ഗ്രാമഫോണില്‍ നിന്നും ഒരു ഹിന്ദി ഗസല്‍ ഗാനം വരുന്നു. ഗ്രാമഫോണില്‍
കറങ്ങിക്കൊണ്ടിരിക്കുന്ന ഡിസ്ക്. കാമറയുടെ ഫോകസ് ഗ്രാമഫോണില്‍ ആണ്. ഗ്രാമഫോണിനരികെ
ഒരു ചാരു കസേരയില്‍ ഇരുന്ന് ഏതോ പുസ്തകം മറിച്ചു നോക്കുന്ന വൃദ്ധന് ഫോകസ് ഔട്ട്
ആണ്. അവസാനത്തെ ക്രെഡിറ്റും എഴുതി കാണിക്കുമ്പോള്‍ വൃദ്ധന് ഫോക്കസ് ഇന്‍ ഉം,
ഗ്രാമഫോണ്‍ ഫോകസ് ഔട്ട് ഉം ആവുന്നു.
-Cut-
Scene 2-A
INT. തറവാട്ടു വീട് – DAY
വീടിന്റെ ഉമ്മറത്ത്, കണ്ടാല്‍ എഴുപതു വയസ്സോളം പ്രായം
തോന്നിക്കുന്ന ഒരു വൃദ്ധന് തന്റെ ചാരുകസേരയിലിരുന്നു നിര്‍വികാരതയോടെ ഒരു ഫോട്ടോ
ആല്‍ബം നോക്കിക്കൊണ്ടിരിക്കുന്നു. അയാളുടെ ചെറുപ്പകാലത്തെ ഫോട്ടോകളാണ് ആല്‍ബത്തില്‍.
അയാള്‍ പട്ടാള വേഷത്തില്‍ നില്ക്കുന്നതും, പട്ടാളത്തിലെ ട്രെയ്നിംഗ് സമയത്തെയും,
രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നതും, അങ്ങിനെ പല പല ഫോട്ടോകള്‍.
അതിനിടയ്ക്ക് ഏതോ ഒരു ഫോട്ടോ കണ്ടപ്പോള്‍ വൃദ്ധന്റെ
മുഖത്ത് ഒരു ഭാവ വ്യത്യാസം. ഒരു സന്തോഷം. അത് അയാളും അയാളുടെ ഭാര്യയും കൂടി നില്ക്കുന്ന
ചെറുപ്പത്തില്‍ എടുത്ത ഫോട്ടോ ആണ്. അയാള്‍ തന്റെ പഴയ നല്ല കാലത്തെക്കുറിച്ച്
ചിന്തിക്കുന്നു.
അപ്പോള്‍ “വാ വാ വോ.. വാ വാ വോ..” എന്ന് ഒരു ചെറിയ കുട്ടിയുടെ
ശബ്ദത്തില്‍ ഒരു താരാട്ടു പാട്ട് കേള്‍ക്കുന്നു. അയാള്‍ ആല്‍ബം തന്റെ കണ്മുന്നില്
നിന്നും മാറ്റുന്നു. അപ്പോള്‍ അയാളുടെ മുന്നില്‍ മൂന്നു വയസ്സോളം പ്രായം
തോന്നിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടി തന്റെ പാവക്കുട്ടിയെ
ഉറക്കിക്കൊണ്ടിരിക്കുന്നത് കാണുന്നു. അയാള്‍ ആ കൌതുകകരമായ കാഴ്ച്ച കണ്ടു പുഞ്ചിരിക്കുന്നു.
വൃദ്ധന് ഗ്രാമഫോണിലെ പാട്ട് നിര്‍ത്തുന്നു. കുട്ടി അതൊന്നും അറിഞ്ഞ മട്ടില്ല. അവള്
അവളുടെതായ ലോകത്ത് ആണ്. അവള് പാവക്കുട്ടിയെ താരാട്ടു പാടി ഉറക്കിക്കൊണ്ടിരുന്നു.
വൃദ്ധന് : (കുട്ടിയോട്)
അമ്മൂട്ടീ......
കുട്ടി തന്റെ താരാട്ടു പാട്ട് നിര്‍ത്തുന്നു. അവള്
തിരിഞ്ഞു വൃദ്ധനെ നോക്കുന്നു. ചിരിക്കുന്നു. വൃദ്ധന് തന്റെ രണ്ടു കൈകള്‍ കൊണ്ട്
ഇരു കണ്ണുകളും പൊത്തിക്കൊണ്ട്
വൃദ്ധന് : ഒളിച്ചേ..
പെണ്‍കുട്ടി അതു കണ്ടു ചിരിക്കുന്നു.
വൃദ്ധന് കണ്ണു പൊത്തിയ രണ്ടു കൈകളും മാറ്റുന്നു.
വൃദ്ധന് : കണ്ടേ..
കുട്ടി ഇത് കണ്ട് പൊട്ടിച്ചിരിക്കുന്നു. വൃദ്ധനും
ചിരിക്കുന്നു.
വൃദ്ധന് ഉടനെ വീണ്ടും രണ്ടു കൈകളും കൊണ്ട് കണ്ണു പൊത്തി
ഒന്ന്, രണ്ട്, മൂന്ന്.. എന്ന് എണ്ണുന്നു.
കുട്ടി ഇതുകണ്ട്, തന്റെ പാവക്കുട്ടികളെ ഒക്കെ അവിടെ
ഉപേക്ഷിച്ച് എവിടെയോ പോയി ഒളിക്കാന്‍ വേണ്ടി എഴുന്നേല്ക്കുന്നു.
വൃദ്ധന് കണ്ണുപൊത്തി എണ്ണിക്കൊണ്ടിരിക്കുന്നു..
വൃദ്ധന് : ഏഴ്.. എട്ട്.. ഒമ്പത്..
പത്ത്..
വൃദ്ധന് കൈകള്‍ മാറ്റുന്നു.. ചുറ്റിലും കണ്ണോടിക്കുന്നു.
അപ്പോളതാ ജന്നലിന്റെ കര്ട്ടനിനടിയിലൂടെ രണ്ടു കുഞ്ഞിക്കാലുകള്‍ കാണുന്നു. കര്ട്ടന്
ചെറുതായി ഒന്നു ഇളകുന്നു.
വൃദ്ധന് പതിയെ എഴുന്നേല്ക്കുന്നു. ശബ്ദമുണ്ടാക്കാതെ
ചെന്ന് കര്ട്ടന് മെല്ലെ നീക്കുന്നു. അവിടെ ആ പെണ്‍കുട്ടി, തന്നെ ആരും
കാണാതിരിക്കാന്‍ രണ്ടു കൈ കൊണ്ടും കണ്ണു പൊത്തി ചിരിയമര്‍ത്തി നില്ക്കുന്നു.
വൃദ്ധന് : (കുട്ടിയെ
കാണാത്തതുപോലെ) “അമ്മൂട്ടി എവിടെ പോയി ഒളിച്ചോ ആവോ? ഇന്നു മിക്കവാറും അമ്മൂട്ടി
തന്നെ ജയിക്കും”
അപ്പോള്‍ കുട്ടി ചിരിച്ചുകൊണ്ട് കണ്ണുപൊത്തിയ കൈയുടെ
വിരലുകള്‍ പതിയെ വിടര്‍ത്തി വിരലുകള്‍ക്കിടയിലൂടെ നോക്കുന്നു. അപ്പോളതാ വൃദ്ധന്
മുന്നില്‍ തന്നെ ഇരിക്കുന്നു. അമ്മൂട്ടി പൊട്ടിച്ചിരിക്കുന്നു. ഉടനെ വൃദ്ധന്
“അമ്മൂട്ടിയെ കണ്ടുപിടിച്ചേ” എന്നു പറഞ്ഞ് കുട്ടിയെ വാരിയെടുക്കുന്നു. കുട്ടി
നാണിച്ചു ചിരിക്കുന്നു.
വൃദ്ധന് : അമ്മൂട്ടിക്ക് എന്താ
ഇന്നു വാങ്ങിത്തരേണ്ടത്?
അമ്മു : മില്‍ക്കീ ബാര്‍..
മഞ്ച്.. ചോക്ലേറ്റ്.. ടെഡി ബിയര്‍..
വൃദ്ധന് : ആഹാ.. (ചിരിക്കുന്നു)
അമ്മുക്കുട്ടിയ്ക്ക് അടുത്ത വര്‍ഷം സ്കൂളില്‍ പോണ്ടതല്ലേ.. നമുക്ക് ഒരു സ്ലേറ്റും
വാങ്ങാം. എന്നിട്ട് നമുക്ക് അ ആ ഇ ഈ യും എ ബി സി ഡി യും ഒക്കെ എഴുതി പഠിക്കണ്ടേ?
അമ്മു : (സന്തോഷത്തോടെ) ഉം.
വൃദ്ധന് : എന്നാല്‍ അമ്മു ആ പുതിയ
ഉടുപ്പ് ഇട്ടോണ്ട് വരൂ..നമുക്ക് ടൌണില്‍ പോകാം?
അമ്മു : (സന്തോഷം ഇരട്ടിക്കുന്നു
– സമ്മത ഭാവത്തില്‍ തലയാട്ടുന്നു)
വൃദ്ധന് കുട്ടിയെ നിലത്തു നിര്‍ത്തുന്നു. കുട്ടി ഓടി
അകത്തേയ്ക്കു പോകുന്നു.
-Cut-
Scene 2-B
INT. വൃദ്ധന്റെ മുറി - തറവാട്ടു വീട്
- DAY
വൃദ്ധന് അലമാരയിലെ കണ്ണാടിയിലേക്ക് നോക്കി ഡ്രസ്സ്
മാറിക്കൊണ്ടിരിക്കുകയാണ്. കൈയുള്ള വെള്ള ഇന്നര്‍ ബനിയനുമുകളില് ഒരു വെള്ള ഷര്‍ട്ട്
ധരിച്ചു അതിന്റെ ബട്ടന്‍സ് ഇട്ടുകൊണ്ടിരിക്കുകയാണ് അയാള്‍. അപ്പോള്‍
കണ്ണാടിയിലൂടെ അമ്മു ഈ മുറിയിലേക്ക് കയറി വരുന്നത് വൃദ്ധന് കാണുന്നു. വെള്ള
ഉടുപ്പിട്ട് വരുന്ന അമ്മുവിനെ കാണാന്‍ ഒരു മാലാഖയെപ്പോലുണ്ട്. വൃദ്ധന് ഉടനെ
കുട്ടിയെ വാരിയെടുക്കുന്നു.
വൃദ്ധന് : (ആശ്ചര്യത്തോടെ) അല്ല..
ആരാ ഇത്? ഇപ്പൊ ന്റെ കുട്ടിയെ കണ്ടാല്‍ ഒരു സുന്ദരി മാലാഖയെ പോലെ ഉണ്ട്.
അമ്മു ചിരിക്കുന്നു. വൃദ്ധന് കുട്ടിയെ എടുത്ത്
കട്ടിലിനുമുകളില്‍ ഇരുത്തുന്നു. തുടര്‍ന്ന് വൃദ്ധന് കണ്ണാടിയില്‍ നോക്കി ബാക്കി
ബട്ടന്‍സും ഇട്ട് മുടി ചീകുന്നു. അപ്പോള്‍ അമ്മു അതു നോക്കിക്കൊണ്ട് കട്ടിലില്‍
ഇരിക്കുന്നു.
രണ്ടുപേരും റൂമില്‍ നിന്നും ഇറങ്ങുന്നു.
വീട്ടില്‍ നിന്നും ഇറങ്ങുന്നു. വീട് പൂട്ടുന്നു.
റോഡില്‍ ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു നിര്‍ത്തി അതില്‍ കയറി പോകുന്നു.
-Cut-
Scene 3
EXT/
INT. SHOPPING MALL - DAY
MONTAGES
വൃദ്ധനും കുട്ടിയും ഷോപ്പിംഗ് മാളിനു മുന്നില്‍ ഓട്ടോറിക്ഷയില്‍
വന്നിറങ്ങുന്നു. വൃദ്ധന് ഓട്ടോ കാഷ് കൊടുക്കുന്നു, കുട്ടിയുമായി മാളിനുള്ളിലേക്ക്
കയറുന്നു.ഷോപ്പിംഗ് മാളിലൂടെ വൃദ്ധനും അമ്മുവും ഷോപ്പിംഗ് നടത്തുന്നതിന്റെ പല
തരം ദൃശ്യങ്ങള്‍. തമാശകള്‍.
-DISSOLVE-
Scene 4-A
INT. തറവാട്ടു വീട്
- NIGHT
സ്റ്റീല്‍ പാത്രങ്ങളുടെ ശബ്ദം.
FADE IN FROM
BLACK
വൃദ്ധന് അടുക്കളയില്‍ രണ്ടു പ്ലേറ്റുകളിലേക്ക് ചോറ് വിളംബുകയാണ്. ഒരു
പ്ലേറ്റ് വലുതാണ്. അതില്‍ കുറേ ചോറ് വിളംബിയിട്ടുണ്ട്. അതിനനുസരിച്ച് ബാക്കി
കറികളും. എന്നാല്‍ രണ്ടാമത്തെ പ്ലേറ്റ് ചെറുതാണ്. നല്ല ഭംഗിയുള്ള ആ വെളുത്ത
പ്ലേറ്റില്‍ വരച്ചിരിക്കുന്ന മിക്കി മൌസ് ന്റെ ചിത്രം പ്ലേറ്റിന് ഭംഗി
കൂട്ടുന്നു. ആ ചെറിയ പ്ലേറ്റില്‍ വളരെ കുറച്ചു ചോറും, അതിനനുസരിച്ച് കറികളും ആണ്
വിളംബിയിരിക്കുന്നത്.
വൃദ്ധന് രണ്ടു പ്ലേറ്റുകളും എടുത്ത് ഡൈനിംഗ് ടേബിളിലേക്ക് വരുന്നു. വലിയ
പ്ലേറ്റ് ടേബിളില്‍ വക്കുന്നു. ചെറിയ പ്ലേറ്റ് കയ്യില്‍ പിടിച്ചുകൊണ്ട് അമ്മുവിനെ
വിളിക്കുന്നു.
വൃദ്ധന് : അമ്മൂ..
അമ്മു മറുപടി പറയുന്നില്ല.
വൃദ്ധന് : അമ്മൂട്ടീ.. വരൂ..
നമുക്ക് ഭക്ഷണം കഴിക്ക്യണ്ടേ..
അമ്മുവിന്റെ മറുപടി ഇല്ല
വൃദ്ധന് : മോളൂസേ.. ദേ ഇതെന്താ ന്നു നോക്കിയേ..
അമ്മൂട്ടിക്ക് ഇഷ്ട്ടപ്പെട്ട തോരന്‍ ഉണ്ടാക്കി വച്ചിട്ടുണ്ട് ഞാന്‍.
അമ്മുവിന്റെ മറുപടി ഇല്ല.
വൃദ്ധന് : അതു ശരി.. അമ്മുട്ടി ഒളിച്ചിരിക്ക്യാണല്ലേ.
(ലാളിത്യം കലര്‍ന്ന ചിരിയോടെ വൃദ്ധന് പതിയെ പതിയെ ഡൈനിംഗ് ഹാളില്‍ നിന്നും
ഇടനാഴിയിലൂടെ നടക്കുന്നു. കയ്യില്‍ കുട്ടിക്കുള്ള ഭക്ഷണം)
വൃദ്ധന് : അമ്മൂട്ടി എവിടെ ഒളിച്ചാലും ഞാന്‍ ദാ ഇപ്പൊ
കണ്ടുപിടിക്കും.
(ഇടനാഴിക്കടുത്തുള്ള റൂമിലേക്കൊക്കെ അയാള്‍ കണ്ണോടിക്കുന്നു. അവിടെയൊന്നും
അമ്മുട്ടിയെ കാണുന്നില്ല. വൃദ്ധനു ചെറുതായി ദേഷ്യം വരുന്നു)
വൃദ്ധന് : അമ്മൂട്ടീ.. ഭക്ഷണം കഴിക്കേണ്ട സമയത്താണോ
ഒളിച്ചു കളിക്കുന്നത്? മതി കളിച്ചത്.. അമ്മൂ.. (ചെറിയ ശാസനയോടെ)
മുകളിലേക്കുള്ള മരക്കോണിയിലൂടെ മേലോട്ട് നോക്കിക്കൊണ്ട്
വൃദ്ധന് : (ആത്മഗതം) മുകളിലേക്കെങ്ങാനും പോയോ?
(ഉച്ചത്തില്‍ ശാസനയോടെ) അമ്മൂട്ടീ.. ഒറ്റക്ക് ഈ കോണി
കയറി പോകരുത് ന്നു പറഞ്ഞതല്ലേ.. അടി കിട്ടണോ നിനക്ക്?
(അടുക്കളയില്‍ നിന്നും പാത്രങ്ങളുടെ ശബ്ദം)
വൃദ്ധന് : അതു ശരി അടുക്കളയില്‍ ഒളിച്ചിരിക്ക്യാണല്ലേ.. (വൃദ്ധന്
അടുക്കളയിലേക്ക് വേഗത്തില്‍ നടക്കുന്നു)
അടുക്കളയില്‍ ഒരു പൂച്ച. വൃദ്ധന് പൂച്ചയെ ഓടിക്കുന്നു. അടുക്കളയില്‍
നിന്നും ഡൈനിംഗ് ഹാളിലേക്ക് വരുന്ന വൃദ്ധന്. കുട്ടിപ്പാത്രം ഡൈനിംഗ് ടേബിളില്‍
വച്ച്, ഇടനാഴിയിലേക്ക് തിരിഞ്ഞു നിന്ന് കണ്ണടക്കുന്നു.
വൃദ്ധന് : അമ്മൂ, ദേ ഞാന്‍ തോറ്റു ട്ടോ.. ഇനി കളി
മതിയാക്കിയിട്ടു വേഗം വന്നേ. ഞാന്‍ കണ്ണടച്ചു നില്ക്കുകയാ. (അയാള്‍ ഒരു കണ്ണ്
തുറന്നു ഇടനാഴിയിലേക്ക് നോക്കുന്നു)
ഞാന്‍ പത്തു വരെ എണ്ണി കഴിയുമ്പോഴേക്കും അമ്മുട്ടി
ചോറുണ്ണാന്‍ തുടങ്ങണം ട്ടോ..
വൃദ്ധന് കൈകള്‍ കൊണ്ട് രണ്ടു കണ്ണും പൊത്തി ഒന്നു മുതല്‍ പത്തു വരെ
എണ്ണുന്നു. പത്ത് എണ്ണിയത്തിനു ശേഷം ചിരിച്ചുകൊണ്ട് കുട്ടിപ്പാത്രം വച്ച
ഭാഗത്തേയ്ക്ക് നോക്കുന്നു. അവിടെ അമ്മു ഇല്ല. വൃദ്ധന്റെ ചിരി മായുന്നു. അയാള്‍
പെട്ടെന്നെന്തോ ആലോചിക്കുന്നു.
-TRANSITION CUT-
Scene 4-B
EXT. തറവാടിനു മുന്നിലത്തെ
റോഡുവക്ക് – DAY
വൃദ്ധന് ഷോപ്പിംഗ് നടത്തിയ സാധനങ്ങളുമായി ഓട്ടോറിക്ഷയില്‍
വന്നിറങ്ങുന്നു. അയാളുടെ കൂടെ അമ്മു ഇല്ല !!!! വൃദ്ധന് ഓട്ടോക്കാരന് കാശു
കൊടുത്ത് വീട്ടിലേക്കു നടക്കുന്നു. വീടിന്റെ പൂട്ടു തുറന്ന് അകത്തേയ്ക്ക്
കയറുന്നു.
-TRANSITION CUT-
Scene 4-C
INT. തറവാട്ടു വീട് - NIGHT
Music Buildup
വൃദ്ധന്, താന്‍ അമ്മുവിനെ എവിടെയോ വച്ച് മറന്നിരിക്കുന്നു എന്ന്
തിരിച്ചറിയുന്നു. ആ ഞെട്ടലില്‍ അയാളുടെ കൈകള്‍ വിറക്കുന്നു. കണ്ണില്‍ കണ്ണുനീര്
നിറയുന്നു. അയാളുടെ കയ്യിലുണ്ടായിരുന്ന പാത്രം താഴെ വീണു ഉടയുന്നു. ചോറ് തറയില്‍
വീണു ചിന്നിചിതറുന്നു.
മൊബൈല്‍ വൈബ്രേറ്ററുടെ ശബ്ദത്തില്‍ അവസാനിക്കുന്ന മ്യൂസിക്.
-Cut-
Scene 5 (A)
INT.
POLICE STATION – NIGHT
വൈബ്രെറ്റ് ചെയ്യുന്ന മൊബൈല്‍ഫോണ്‍. അതില്‍ “Meera Calling” എന്ന് ഡിസ്പ്ലേ
ചെയ്യുന്നു. ഇന്‍സ്പെക്ടര്‍ ആ കാള്‍ എടുക്കുന്നു.
ഇന്‍സ്പെക്ടര്‍: ഹലോ
മീര: ഹലോ മഹിയേട്ടാ ഇറങ്ങാറായോ ?
ഇന്‍സ്പെക്ടര്‍: ഞാനിതാ ഇപ്പൊ ഇറങ്ങും. ചെക്കനെന്തിയെ?
മീര: അവന് അച്ഛന് വരാന്‍ വേണ്ടി കാത്തിരിക്ക്യാ.. കേക്ക്
മുറിക്കാന്‍.
ഇന്‍സ്പെക്ടര്‍: ആഹാ (ആശ്ചര്യത്തോടെ) ഞാന്‍ വിചാരിച്ചു ആ കേക്ക്
അവനിപ്പോള്‍ പകുതി ആക്കിക്കാണുമെന്ന്.
മീര: അതിനു കേക്ക് ഫ്രിഡ്ജിന്നു എടുതാലല്ലേ..
എനിക്കറിഞ്ഞൂടെ.. അച്ഛന്റെ മകനല്ലേ.. (അല്പം റൊമാന്റിക് ആയിട്ട്) “കൊതിയന്‍”
ഇന്‍സ്പെക്ടര്‍: (ചെറിയ നാണത്തോടെ ചിരിക്കുന്നു) നിന്റെ അച്ഛനും
അമ്മേം എത്തിയോ?
മീര: അവരെപ്പഴേ എത്തി. എല്ലാവരും ചേട്ടനു വേണ്ടി വെയ്റ്റ്
ചെയ്യുകയാ.
ഇന്‍സ്പെക്ടര്‍: നീ എല്ലാവരേം ഒന്ന് മാനേജ് ചെയ്യ്.. ഞാനിപ്പോ
എത്താം.
മീര: ഓക്കേ ഏട്ടാ.
ഇന്‍സ്പെക്ടര്‍: ഓക്കേ ബൈ.
ഫോണ്‍ കട്ട് ചെയ്ത്, അതു പാന്റ്സിന്റെ പോക്കറ്റിലിടുന്ന ഇന്‍സ്പെക്ടര്‍. ഇൻസ്പെക്ടർ പോകാന്‍ ഒരുങ്ങുകയാണ്. തന്റെ ബാഗില്‍ എന്തൊക്കെയോ ഫയലുകള്‍
എടുത്തു വക്കുന്നു. അവിടെ കുറച്ചു കോണ്‍സ്റ്റബിള്‍ മാരെയും കാണാം. അതില്‍ അല്പം
പ്രായം കൂടിയ ഹെഡ് കോണ്‍സ്റ്റബിള്‍ ആണ് കുറുപ്പേട്ടന്. കുറുപ്പേട്ടന് ഇന്‍സ്പെക്ടറുടെ
അടുത്തേക്ക് വരുന്നു.
ഇൻസ്പെക്ടർ : ആ.. കുറുപ്പേട്ടാ ഞാന്‍ ഇന്നു നേരത്തെ ഇറങ്ങുകയാണ്. ചെറിയ ചെക്കന്റെ
പിറന്നാളാ. അപ്പൂന്റെയ്.. എല്ലാവരുടെയും സൌകര്യം നോക്കിയപ്പോ രാത്രി ആകാം
ഫങ്ങ്ഷന് എന്നു വച്ചു. അച്ഛന് വന്നിട്ടേ കേക്കു മുറിക്കു എന്നുള്ള വാശിയിലാ
ചെക്കന്. (ചിരിക്കുന്നു)
കുറുപ്പേട്ടന് : ശരി സാര്‍. (ചിരിക്കുന്നു) അപ്പുവിനോട്
കുറുപ്പേട്ടന്റെ പിറന്നാള്‍ ആശംസകള്‍ പറയണേ.
ഇൻസ്പെക്ടർ : ശരി കുറുപ്പേട്ടാ.. ആ.. പിന്നെ, ആ മണല്‍
മാഫിയെടെ കേസ് ഫയല്‍ ഞാന്‍ കൊണ്ടുപോകുന്നുണ്ട്. വിശദമായിട്ടോന്നു പഠിക്കണം.
ഒരുത്തനേം രക്ഷപെടാന്‍ സമ്മതിക്കില്ല.
കുറുപ്പേട്ടന് : ശരി സാര്‍,
ഇന്‍സ്പെക്ടര്‍: എന്നാല്‍ ശരി കുറുപ്പേട്ടാ, നാളെ കാണാം. ഗുഡ്
നൈറ്റ്.. ഡ്യൂട്ടി. (ചിരിക്കുന്നു)
കുറുപ്പേട്ടനും ചിരിക്കുന്നു
-Cut-
Scene 5 (B)
EXT.
POLICE STATION – NIGHT
ഇൻസ്പെക്ടർ സ്റ്റേഷനില്‍ നിന്നും ഇറങ്ങുന്നു. അപ്പോള്‍ സ്റ്റേഷനില്‍ ഫോണ്‍
റിംഗ് ചെയ്യുന്നു. ഇന്‍സ്പെക്ടറെ യാത്രയാക്കാന്‍ വന്ന കുറുപ്പേട്ടന് ഫോണ്‍
അടിക്കുന്ന ശബ്ദം കേട്ട് സ്റ്റേഷന്റെ അകത്തേക്ക് പോകുന്നു. ഇൻസ്പെക്ടർ പാര്‍ക്കിംഗ് ഏരിയയിലുള്ള തന്റെ ബുള്ളറ്റില്‍ കയറി സ്റ്റാര്‍ട്ട്
ചെയ്യുന്നു. ഓടിച്ച് സ്റ്റേഷന്റെ മുന്നിലേക്ക് വരുന്നു. അപ്പോള്‍ കുറുപ്പേട്ടന്
ഓടി വന്നു ഇന്‍സ്പെക്ടറിനെ വിളിക്കുന്നു
കുറുപ്പേട്ടന് : സാറേ, സാറിന് ഒരു അര്ജന്റ്
കോള്‍ ഉണ്ട്.
ഇൻസ്പെക്ടർ : ആരാ?
കുറുപ്പേട്ടന് : സാറിന്റെ മേജര്‍
സാര്‍ ആണ്.
ഇന്‍സ്പെക്ടര്‍: മേജര്‍ അങ്കിളോ? എന്താ കാര്യം എന്നു പറഞ്ഞോ?
കുറുപ്പേട്ടന് : ഇല്ല. പുള്ളി വല്യേ ടെന്ഷനിലാ. സാറിനെ ഉടനെ
കിട്ടണം എന്നു പറഞ്ഞു.
ഇന്‍സ്പെക്ടര്‍: ഫോണ്‍ വച്ചോ?
കുറുപ്പേട്ടന് : ഇല്ല.. പുള്ളി
ലൈനിലുണ്ട്.
ഇൻസ്പെക്ടർ : ആ ഇതാ വരുന്നു.
ഇൻസ്പെക്ടർ ബുള്ളറ്റ് ഓഫ് ചെയ്ത് അതില്‍ നിന്നും ഇറങ്ങി സ്റ്റെഷനിലേക്ക്
കയറുന്നു.
-Cut-
Scene 5 (C)
INT. POLICE
STATION – NIGHT
ഇന്‍സ്പെക്ടര്‍ വീണ്ടും സ്റ്റേഷനുള്ളിലെക്ക് വരുമ്പോള്‍ സല്യൂട്ട്
അടിക്കുന്ന കോണ്‍സ്റ്റബിള്‍സ്. അവരെ ശ്രദ്ധിച്ച് ലാന്‍ഡ് ഫോണിലെ മാറ്റി വച്ച
റിസീവര്‍ കയ്യിലെടുക്കുന്ന ഇന്‍സ്പെക്ടര്‍. റിസീവറിനുള്ളില് നിന്നും ഒരു അവ്യക്തമായ ശബ്ദം പുറത്തേക്കു വരുന്നുണ്ട്.
ഇന്‍സ്പെക്ടര്‍: ഹലോ
ഇന്‍സ്പെക്ടര്‍: ഹലോ.. കേള്‍ക്കുന്നുണ്ടോ?
വൃദ്ധന്: മോനേ... (തളര്‍ന്ന സ്വരം)
ഇന്‍സ്പെക്ടര്‍: ആ.. പറയു അങ്കിള്‍. എന്താ പ്രത്യേകിച്ച്?
വൃദ്ധന്: ഒന്നിങ്ങോട്ടു വേഗം വരുവോ? (ശബ്ദത്തിലെ തളര്‍ച്ച
കൂടുന്നു)
ഇന്‍സ്പെക്ടര്‍: എന്തു പറ്റി അങ്കിളേ?
വൃദ്ധന്: അമ്മുക്കുട്ടി.. (കരയുന്നു)
ഇന്‍സ്പെക്ടര്‍: അമ്മുക്കുട്ടി?
വൃദ്ധന്: താന്‍ ഒന്നിങ്ങോട്ടു വേഗം വരൂ.. (കരച്ചില്
അടക്കാന്‍ ശ്രമിക്കുന്നു)
ഇന്‍സ്പെക്ടര്‍: സുരേഷ് അവിടെ ഇല്ലേ?
വൃദ്ധന്: ഇല്ല. (പൊട്ടി കരയുന്നു)
ഇന്‍സ്പെക്ടര്‍: എന്താ അങ്കിളേ.. എന്താ പറ്റിയത്?
വൃദ്ധന്: താന്‍ വേഗം വരൂ... സംസാരിച്ചു നില്ക്കാന്
സമയല്ല്യ.. (കരയുന്നു)
ഇന്‍സ്പെക്ടര്‍: ശരി.. ഞാനിതാ വരുന്നു. അങ്കിള്‍
അതുവരെയെങ്കിലും സമാധാനമായിട്ട് ഇരിക്കു.
വൃദ്ധന്റെ കരച്ചില് റിസീവരിലൂടെ കേള്‍ക്കാം.
ഇന്‍സ്പെക്ടര്‍ ഫോണ്‍ വക്കുന്നു
തിരിഞ്ഞു നടക്കുന്ന ഇന്‍സ്പെക്ടര്‍. അയാളെ ഫോളോ ചെയ്യുന്ന കുറുപ്പേട്ടന്.
കുറുപ്പേട്ടന് : എന്താ സാറേ പ്രശ്നം?
ഇൻസ്പെക്ടർ : ആര്‍ക്കറിയാം? എന്തായാലും പോയി നോക്കട്ടെ.
കുറുപ്പേട്ടന് : അപ്പൊ മോന്റെ ബര്‍ത്ത്
ഡേ ഫങ്ഷനോ?
ഇൻസ്പെക്ടർ : ആദ്യം അങ്കിളിന്റെ അടുത്ത് പോട്ടെ.
സുരേഷ് അവിടെ ഇല്ലാ ന്നാ പറഞ്ഞത്. എന്താ അവിടത്തെ പ്രശ്നം ന്നു നോക്കിയതിനു
ശേഷാവാം ബെര്‍ത്ത് ഡേ ഫങ്ഷന് ഒക്കെ.
അതും പറഞ്ഞ് ഇൻസ്പെക്ടർ സ്റ്റേഷനില്‍ നിന്നും ഇറങ്ങി ബുള്ളറ്റില്‍
കയറുന്നു. ഇൻസ്പെക്ടർ ബുള്ളറ്റും ഓടിച്ചു
സ്റ്റേഷനു വെളിയിലേക്കു പോകുന്നു. അയാള്‍ പോകുന്നതും നോക്കി നില്ക്കുന്ന കുറുപ്പേട്ടന്.
-Cut-
Scene 6
EXT. തറവാട്ടു വീട് – NIGHT
വൃദ്ധന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇന്സ്പെക്ടരെയും പ്രതീക്ഷിച്ച്
വീടിനു പുറത്ത്, കോലായില്‍ ഇരിക്കുകയാണ്. വീട് പൂട്ടി ഇട്ടിരിക്കുന്നു. വെള്ള ഷര്‍ട്ടും
മുണ്ടും ധരിച്ചു നില്ക്കുന്ന വൃദ്ധന് ഒരു യാത്രയ്ക്ക് തയ്യാറായിയാണ് ഇരിപ്പ്. റോഡില്‍ നിന്നും ബുള്ളറ്റിന്റെ ശബ്ദം. ഹെഡ്ലൈറ്റിന്റെ വെളിച്ചം വീടിന്റെ
ഗേറ്റു കടന്നു വരുന്നു. വൃദ്ധന് കോലായില്‍ നിന്നും എഴുന്നേല്ക്കുന്നു. തന്റെ
മുണ്ടിന്റെ അറ്റം കൊണ്ട് കണ്ണുകള്‍ തുടക്കുന്നു. ബുള്ളറ്റ് നിര്‍ത്തി ഇന്‍സ്പെക്ടര്‍ വൃദ്ധന്റെ അടുത്തേക്ക് ചെല്ലുന്നു.
ഇന്‍സ്പെക്ടര്‍: എന്താ അങ്കിളേ, എന്തു പറ്റി?
ഇന്‍സ്പെക്ടറുടെ മൊബൈലില്‍ കോള്‍ വരുന്നു.
വൃദ്ധന് : നമ്മുടെ അമ്മു.
മീര ആണ് ഫോണ്‍ വിളിക്കുന്നത്. ഇന്‍സ്പെക്ടര്‍
കോള്‍ കട്ട് ചെയ്യുന്നു. ഇന്‍സ്പെക്ടറുടെ മുഖത്ത് ഒരു അവിശ്വസനീയത.
ഇന്‍സ്പെക്ടര്‍: അമ്മു ?
വൃദ്ധന് ഇന്‍സ്പെക്ടറുടെ കൈകളില്‍ പിടിച്ചു തന്റെ
നെഞ്ചോടു ചേര്‍ക്കുന്നു.
വൃദ്ധന് : (തേങ്ങിക്കൊണ്ട്) ഞങ്ങള്‍ രണ്ടുപേരും ഇന്ന് ഷോപ്പിങ്ങിന് പോയി.
ഷോപ്പിംഗ് മാളിലോക്കെ അവള് എന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു. പക്ഷെ ഞാന്‍ തിരിച്ചു
വീടിലെത്തിയപ്പോള്‍ അവള് കൂടെയില്ല.
ഇന്‍സ്പെക്ടര്‍: എന്ത്?
വൃദ്ധന് : അമ്മു.. She is Missing. അവളെ ഞാനവിടെ എവിടെയോ മറന്നിട്ടു
പോന്നു. വാ.. നമുക്ക് ഷോപ്പിംഗ് മാളിലേക്ക് പോകാം..
ഇന്‍സ്പെക്ടര്‍
വാച്ചിലേക്ക് നോക്കുന്നു.
ഇന്‍സ്പെക്ടര്‍: അത്.. അങ്കിളേ..
വൃദ്ധന്: (വിഷമത്തോടെയും ഭയത്തോടെയും) താന്‍ ഒന്നും
പറയണ്ട. നമുക്ക് വേഗം അവിടം വരെ പോയി നോക്കാം. ന്റെ കുട്ടി ആകെ
പേടിച്ചിട്ടുണ്ടാകും.
വൃദ്ധന് ഇന്‍സ്പെക്ടറുടെ
കൈ പിടിച്ചു വലിക്കുന്നു.
വൃദ്ധന് : വാ മോനെ, പാവം ന്റെ കുട്ടി.. ന്റെ കൃഷ്ണാ, ന്റെ
കുട്ടിക്ക് ആപത്തൊന്നും വരുത്തരുതേ..
ഇന്‍സ്പെക്ടറുടെ മുഖത്ത് വല്ലാത്ത കോപം. അയാള്‍ പല്ലു ഞെരിക്കുന്നു.
എന്നിട്ട് വൃദ്ധനോടൊപ്പം നടന്നു റോഡിലെത്തി ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ച്
അതില്‍ കയറി പോകുന്നു.
-Cut-
Scene 7
INT/EXT.
SHOPPING MALL – NIGHT
MONTAGES
ഇന്‍സ്പെക്ടറും വൃദ്ധനും ഓട്ടോറിക്ഷയില്‍ ഷോപ്പിംഗ് മാളിനു മുന്നില്‍
വന്നിറങ്ങുന്നു. അവര്‍ ധൃതിയില്‍ മാളിനുള്ളിലേക്ക് കയറിപ്പോകുന്നു. അവിടെ കാണുന്ന
സെക്യൂരിട്ടിയോട് കുട്ടിയെ പറ്റി ചോദിക്കുന്നു. പക്ഷെ തൃപ്തികരമായ ഒരു മറുപടി അവര്‍ക്ക്
ലഭിക്കുന്നില്ല. തുടര്‍ന്ന് അവര്‍ മറ്റു ഷോപ്പുകളിലെക്കു പോകുന്നു. അവിടെയും അവര്‍ക്ക്
നിരാശ തന്നെ ഫലം. അതിനിടെ ഇന്‍സ്പെക്ടറുടെ മൊബൈലിലേക്ക് ഭാര്യ വീണ്ടും
വിളിക്കുന്നു. അയാള്‍ വീണ്ടും കട്ട്
ചെയ്യുന്നു. അമ്മു അവിടെയെങ്ങുമില്ല എന്നു മനസ്സിലാക്കിയ വൃദ്ധന് അവിടെ കുഴഞ്ഞു
വീഴുന്നു.
-Cut-
Scene 8
INT/EXT തറവാട്ടു വീട് – NIGHT
വീടിന്റെ വാതില്‍ തുറക്കപ്പെടുന്നു. ഇന്‍സ്പെക്ടര്‍ വൃദ്ധനെ
താങ്ങിപ്പിടിച്ചു അകത്തേക്ക് കൊണ്ടുവരുന്നു. ലൈറ്റിടുന്നു. വൃദ്ധനെ ചാരു കസേരയില്‍
ഇരുത്തുന്നു. വൃദ്ധന്റെ കണ്ണുകള്‍ വല്ലാതെ കലങ്ങിയിരിക്കുന്നു. ചാരുകസാരയുടെ
കയ്യില്‍ വച്ചിരിക്കുന്ന തോര്‍ത്തുമുണ്ടെടുത്ത് വൃദ്ധന് കണ്ണുകള്‍ ഒപ്പുന്നു.
മൂക്ക് ആഞ്ഞു ചീറ്റി തുടക്കുന്നു.
മേശപ്പുറത്തു വച്ചിരിക്കുന്ന ജഗ്ഗില്‍ നിന്നും ഇന്‍സ്പെക്ടര്‍ ഒരു ഗ്ലാസ്
വെള്ളമെടുക്കുന്നു. അതിനടുത്ത് തന്നെ ഉള്ള ഗുളിക പാത്രത്തില്‍ നിന്നും ഒരു
ഗുളികയും എടുക്കുന്നു. അപ്പോള്‍ മേശപ്പുറത്തു വച്ചിരിക്കുന്ന ഒരു ഫോട്ടോ ആല്‍ബം
അയാളുടെ കണ്ണില്‍ പെടുന്നു. വെള്ളം വൃദ്ധനു കൊടുക്കുന്നു. വൃദ്ധന് വെള്ളം വേണ്ട
എന്നു കൈകൊണ്ടു കാണിക്കുന്നുണ്ടെങ്കിലും, ഇന്‍സ്പെക്ടര്‍ ആ ഗുളിക വായിലിട്ടു
കൊടുത്ത് ഒരു ഗ്ലാസ് വെള്ളം വൃദ്ധന്റെ വായില്‍ ഒഴിച്ചു കൊടുക്കുന്നു.
ഇന്‍സ്പെക്ടര്‍: അങ്കിളേ, സംഭവിക്കാന്‍ പാടില്ലാത്തത്
സംഭവിച്ചു. കുട്ടിയെ കണ്ടുപിടിക്കാനുള്ള ഏര്‍പ്പാടുകളെല്ലാം ഞാന്‍ ചെയ്തിട്ടുണ്ട്.
അങ്കിള്‍ ധൈര്യമായിട്ടിരിക്കൂ. അമ്മുവിന് ഒന്നും സംഭവിക്കില്ല. ഞാന്‍ അല്ലെ
പറയുന്നേ.
വൃദ്ധനു ഇന്‍സ്പെക്ടറുടെ സംസാരമൊന്നും സമാധാനം കൊടുക്കുന്നില്ല.
വൃദ്ധന് : ന്റെ കുട്ടി.. അവള്‍ക്ക്
ഒന്നും അറിയില്ല. (കരയുന്നു)
ഇന്‍സ്പെക്ടര്‍ : അങ്കിളേ.. എന്താ ഇങ്ങനെ ? കൊച്ചു
കുട്ടികളെപ്പോലെ..
വൃദ്ധന് വിഷമം കണ്ട്രോള് ചെയ്യാന്‍ ശ്രമിക്കുന്നു..
ഇന്‍സ്പെക്ടര്‍ : സുരേഷ് എപ്പൊ എത്തും?
വൃദ്ധന് : (ക്ലോക്കിലേക്ക് നോക്കി പൊട്ടിക്കരയുന്നു. സമയം
രാത്രി എട്ടേ മുക്കാല്‍) ഇപ്പൊ വരും.
ഇന്‍സ്പെക്ടറുടെ മൊബൈല്‍ ശബ്ദിക്കുന്നു. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ഇന്‍സ്പെക്ടര്‍.
ഇന്‍സ്പെക്ടര്‍: ഹെലോ
മീര : (അല്പം
കോപത്തോടെ) മനുഷ്യാ, നിങ്ങളെവിടെപ്പോയി കിടക്കുവാ? അപ്പു നിങ്ങളെ കാണാഞ്ഞിട്ട് ഇവിടെ
കരഞ്ഞു പോളിക്കുവാ.
ഇന്‍സ്പെക്ടര്‍ : ഉം..
മീര : എന്ത് ഊം? നിങ്ങളോന്നിങ്ങോട്ടു വേഗം വന്നേ.
എല്ലാവരും ചേട്ടനെ വെയ്റ്റ് ചെയ്തോണ്ടിരിക്കുവാ
.
ഇന്‍സ്പെക്ടര്‍ ആ വീട്ടില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്നു.
ഇന്‍സ്പെക്ടര്‍: ഡീ.. ഞാനിപ്പോ മേജര്‍
അങ്കിളിന്റെ
വീട്ടിലാ...
മീര: ഇപ്പൊ എന്തിനാ അങ്ങോട്ട്
പോയത്? അങ്കിളിനെ
ഇങ്ങോട്ട് കൊണ്ടുവരുന്നുണ്ടോ?
ഇന്‍സ്പെക്ടര്‍: ഇല്ല. ഇവിടെ ഒരു പ്രശ്നം ഉണ്ട്.
മീര: ന്റെ ശിവനേ, എന്തു
പറ്റി?
ആരോ ഗെയ്റ്റ് തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് ശ്രദ്ധിക്കുന്ന ഇന്‍സ്പെക്ടര്‍.
ഇന്‍സ്പെക്ടര്‍: സുരേഷ് വരുന്നുണ്ട് ന്നു
തോന്നുന്നു. ഞാന്‍
കുറച്ചു കഴിഞ്ഞു തിരിച്ചു വിളിക്കാം.
മീര : എന്താ പ്രശ്നം ന്നു
പറയു..
ഇന്‍സ്പെക്ടര്‍ ഫോണ്‍ കട്ട് ചെയ്യുന്നു. ഗെയ്റ്റ് തുറന്നു വരുന്ന സുരേഷ്.
ഇരുട്ട് കാരണം സുരേഷിന്റെ മുഖം വ്യക്തമല്ല. ഇന്‍സ്പെക്ടറുടെ മുഖം മാറുന്നു. അയാള്‍
പല്ല് കടിക്കുന്നു.
ഇന്‍സ്പെക്ടര്‍: എവിടെപ്പോയതാഡാ?
സുരേഷ് വെളിച്ചത്തിലേക്ക് വരുന്നു. കണ്ടാല്‍ ഒരു പതിനെട്ടു വയസ്സ് പ്രായം
തോന്നിക്കുന്ന കരുത്തിരുണ്ടു മെല്ലിച്ച ഒരു ചെക്കന്.
സുരേഷ്: അത് സാറേ, ഞാന്‍ അച്ഛന്റെ
തറവാട് വരെ....
ഇന്‍സ്പെക്ടര്‍: എങ്ങോട്ടെക്കെങ്കിലും പോകുമ്പോ എന്നോട്
പറഞ്ഞിട്ടെ പോകാവൂ എന്ന് നിന്നോട് പറഞ്ഞിട്ടുള്ളതല്ലേ?
സുരേഷ്: പോകാന്‍ നേരത്ത് ഞാന്‍ സാറിനെ വിളിച്ചു നോക്കിയിരുന്നു.
പക്ഷെ കിട്ടിയില്ല.
ഇന്‍സ്പെക്ടര്‍: ങ്ങും.. എന്തിനായിരുന്നു പെട്ടെന്നൊരു
തറവാട്ടില്‍ പോക്ക്?
സുരേഷ്: അവിടത്തെ ഞങ്ങടെ തൊട്ട് അയല്‍വാസി ഇന്ന് പുലര്‍ച്ചെ
മരിച്ചു. എന്റെ ചെറുപ്പത്തില്‍ എന്നെ കുറേ എടുത്തു നടന്നിരുന്ന ആളാ. സാറിനെ
വിളിച്ചിട്ട് കിട്ടഞ്ഞപ്പോള്‍ മേജര്‍ സാറാ എന്നോട് പോയ്ക്കൊള്ലാന്‍ പറഞ്ഞത്.
ഇന്‍സ്പെക്ടര്‍: ഉം. ചടങ്ങുകളെല്ലാം
കഴിഞ്ഞോ?
സുരേഷ്: ഉം. മേജര്‍ സാറ് ഭക്ഷണം
കഴിച്ചോ?
ഇന്‍സ്പെക്ടര്‍: മേജര്‍ അങ്കിളിനെ പറ്റി ഓരോറ്റയക്ഷരം നീ
മിണ്ടിപ്പോകരുത്. ദേ നോക്ക്.. ആ ഇരിപ്പ് കണ്ടോ? നീ ഒറ്റയോരുത്തനാ ഇതിനു കാരണം.
ഇന്‍സ്പെക്ടര്‍ സുരേഷിനു മേജര്‍ അങ്കിളിനെ കാണിച്ചു കൊടുക്കുന്നു. ചാരു
കസേരയില്‍ കണ്ണടച്ച് ഇരിക്കുന്ന മേജര്‍.
സുരേഷ്: അയ്യോ.. സാറിന് എന്ത്
പറ്റി?
ഇന്‍സ്പെക്ടര്‍: നീ ഇന്ന് ഇവിടെ ഇല്ലാത്തതുകൊണ്ട് അങ്കിള്‍
മരുന്ന് കഴിചില്ലാ ന്നു തോന്നുന്നു. അസുഖം അല്പം കൂടി.
സുരേഷ്: ദൈവമേ..!
ഇന്‍സ്പെക്ടറുടെ ഫോണ്‍ റിംഗ് ചെയ്യുന്നു. കോള്‍ അറ്റന്‍ഡ് ചെയ്യുന്ന ഇന്‍സ്പെക്ടര്‍.
മീര: എന്താ ഏട്ടാ എന്താ
ഉണ്ടായേ?
ഇന്‍സ്പെക്ടര്‍: അങ്കിളിനു പഴയ അസുഖം ഇന്ന് വീണ്ടും ഉണ്ടായി.
മീര: എന്റെ ശിവനേ.. എന്നിട്ട്?
ഇന്‍സ്പെക്ടര്‍: അങ്കിളിന്റെ ചെറുപ്പത്തിലെ മരിച്ച കൊച്ചില്ലേ?
അമ്മു.
മീര : ഹാ, പറഞ്ഞു
കേട്ടിട്ടുണ്ട്.
ഇന്‍സ്പെക്ടര്‍: ഊം.. ആ കുട്ടി ഇപ്പോഴും ജീവിചിരിപ്പുണ്ടെന്നാ
ഇയാളുടെ വിചാരം..
ഭാര്യ : ദൈവമേ.
ഇന്‍സ്പെക്ടര്‍: ഇപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ എന്നേക്കാള്‍
പ്രായം ഉണ്ടായിരുന്നെനെ. ഇന്നിപ്പോ അമ്മൂനെ ഷോപ്പിംഗ് മാളില്‍ എവിടെയോ മറന്നിട്ട്
പോന്നു എന്നും പറഞ്ഞു ഭയങ്കര പ്രശ്നത്തിലായിരുന്നു മൂപ്പര്. എന്നിട്ടിപ്പൊ ഞങ്ങള്‍
രണ്ടുപേരും അവിടെയൊക്കെ പോയി വന്നതേ ഉള്ളൂ.
മീര : ന്റെ ശിവനേ.. നിങ്ങള്‍ക്ക് അങ്കിളിനോട് സത്യം
തുറന്നു പറഞ്ഞൂടായിരുന്നോ?
ഇന്‍സ്പെക്ടര്‍: ഈ അസുഖത്തിനെക്കുറിച്ച് പറഞ്ഞുകൊടുത്തിട്ടൊന്നും ഒരു കാര്യവുമില്ല. ഒന്ന് ഉറങ്ങി എഴുന്നേല്ക്കുമ്പോള് അത് മറക്കും. പിന്നെ, കുറച്ചൊന്നു സമാധാനം ആയിക്കോട്ടെ എന്ന് കരുതിയാ ഞാന്‍...
മീര: ഇനിയിപ്പൊ എന്താ ചെയ്യാ? ഏട്ടനെപ്പോഴാ വരാ? ഇവിടെ അപ്പു
അച്ഛനെ കാണണം എന്നും പറഞ്ഞു കരഞ്ഞു പൊളിക്കുവാണ്
ഇന്‍സ്പെക്ടര്‍: ഞാന്‍ അങ്കിളിനു ടാബ്ലെറ്റ്
കൊടുത്തിട്ടുണ്ട്. ഒന്ന് ഉറങ്ങി എഴുന്നേറ്റാല്‍ മാറുന്ന പ്രശനമേ ഉള്ളൂ. അങ്കിള്‍
ഉറങ്ങികഴിയുമ്പോള്‍ എടുത്തു ബെഡ്ഡില്‍ കിടത്തിയിട്ടു ഞാന്‍ വരാം. പറ്റിയാല്‍ നാളെ
ഒന്ന് ഡോക്ടറുടെ അടുത്ത് കൊണ്ടുപോകണം.
മീര : ശരി.
ആ ഫോണ്‍ സംഭാഷണം
നടന്നുകൊണ്ടിരിക്കുമ്പോള്‍, കാമറ വീടിനുള്ളില്‍ ചെന്ന് വൃദ്ധന്റെ നേരെ നില്ക്കുന്നു.
വൃദ്ധന്റെ മുഖത്ത് ഒരു ചിരി പടരുന്നു.
അമ്മു: അച്ഛാ..
അച്ഛാ..
-Cut-
Scene 9
EXT. കടപ്പുറം – DAY
കടപ്പുറത്തിരിക്കുന്ന ചെറുപ്പക്കാരനായ മേജറും, ചെറുപ്പക്കാരിയായ അയാളുടെ
ഭാര്യയും, അമ്മുവും.
അമ്മു: അച്ഛാ.. അച്ഛന് പട്ടാളത്തില്‍ പോയാല്‍ മോളെങ്ങിനെയാ അച്ഛനെ കാണുക?
മേജര്‍: അച്ഛനെ കാണാന്‍ തോന്നുമ്പോള്‍ മോള് കണ്ണടച്ച് അച്ഛനെ കുറിച്ച് ഓര്‍ത്താല്‍
മതി. അപ്പൊ അച്ഛന് മോളുടെ അടുത്ത് ഉള്ളപോലെ മോള്‍ക്ക് തോന്നും (ചിരിക്കുന്നു)
അമ്മുക്കുട്ടിയുടെ ചിരി.
-Cut-
Scene 10
INT. തറവാട്ടു വീട് – NIGHT
ചാരുകസേരയില്‍ കിടന്നു പുഞ്ചിരിക്കുന്ന വൃദ്ധന്. അമ്മുവിന്റെ ചിരി
ബാഗ്രൌണ്ടില് മുഴങ്ങുന്നു.
-CUT-
CREDIT ROLLS
